പാലക്കാട്:ശ്രീലങ്കയിലെ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മുതലമട, ചെമ്മണാംന്പതി ചുള്ളിയാർമേട് അക്ഷയ നഗറിലെ റിയാസ് അബൂബക്കർ (28) സഹ്രാൻ ഹാഷിമിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി അധികൃതർ.
എന്നാൽ ഇയാൾക്ക് ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ. എൻഐഎ സംഘം ഇന്നലെ രാവിലെ ഒന്പതോടെയാണ് ഇയാളെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഐസിസ് അനുകൂല പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അത്തർ വില്പനക്കാരനായ ഇയാൾക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്നത് വ്യക്തമല്ല. മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം.കൊല്ലപ്പെട്ട സഹ്രാൻ ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും.