കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഘം പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇടനിലക്കാരനായി പ്രവർത്തിച്ചുവന്നിരുന്ന ഏറ്റുമാനൂർ സ്വദേശി ബാബുവിനെയാണു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഘത്തിന് ഇടപാടുകാരെ പരിചയപ്പെടുത്തിവന്നിരുന്നത് ഇയാളാണെന്നും കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇയാൾ നിരവധിപേരെ കൊള്ളപ്പലിശ സംഘത്തിന പരിചയപ്പെടുത്തി നൽകിയതായും പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരെയാണു നേരത്തെ പോലീസ് പിടികൂടിയിരുന്നത്.
ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സാണു കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയതെന്നും മഹാരാജ എന്നയാളാണു സ്ഥാപനത്തിന്റെ ഉടമയെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, വാട്സ് ആപ്പ്, ഫേയ്സ്ബുക്ക് വഴി മഹാരാജ പ്രതികളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പോലീസിനു കണ്ടെത്തനായിട്ടില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് അധികൃതർ.
ഇടപാടുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചാൽ മഹാരാജയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണു അധികൃതർ പറയുന്നത്. നീഗൂഡമായാണ് ഇയാളുടെ നടത്തിപ്പ്. പിടിയിലായ സംഘവുമായി ഇയാൾ നേരിട്ട് സംസാരിച്ചിട്ടില്ല.
പിടിയിലായ സംഘത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചെങ്കിലും ഇതിലും മഹാരാജയുടെ പേരിൽ അക്കൗണ്ട് കണ്ടെത്താനായിട്ടില്ല.
പിടിയിലായ ഒരു പ്രതിയുടെയും സ്ഥാപനത്തിന്റെ മറ്റ് ജീവനക്കാരുടെ പേരിലുമുള്ള അക്കൗണ്ടിലൂടെയാണു കൊള്ളപ്പലിശയക്കു പണം കൈമാറിവന്നത്. ഇതു മഹാരാജയുടെ ബുദ്ധിപൂർവമുള്ള നീക്കങ്ങളാണെന്നാണു പോലീസ് പറയുന്നത്. ഇയാളെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ മറ്റു മാർഗങ്ങളിലൂടെ കണ്ടെത്തിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലോളം അക്കൗണ്ടുകളാണു പോലീസ് പരിശോധിച്ചത്.
ഈ അക്കൗണ്ടുകളിൽ കോടികളുടെ ഇടപാടുകളാണു നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ തേടിവരികയാണെന്നും പോലീസ് പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 500 കോടിയോളം രൂപയാണ് ഇവർ കൊള്ളപലിശയ്ക്കു വിതരണം ചെയ്തിട്ടുള്ളത്. എറണാകുളം പനന്പള്ളി നഗർ സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലായിരുന്നു മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നത്.