കൊല്ലം :അഞ്ചലില്‍ വീടുകയറി യുവാവിനെ ആക്രമിക്കുകയും പിന്നീട് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ് ജീവനക്കരെയടക്കം ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. അഞ്ചലിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ജോതിലാല്‍, സുരേഷ്, അജി, അനന്ദു എന്നിവരെയാണ് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് പ്രതികള്‍ ആക്രമണ പരമ്പര നടത്തിയത്. അഞ്ചലിലെ ടാക്സി ഡ്രൈവറായ നെട്ടയം സ്വദേശി ബിജുവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച ശേഷം മടങ്ങിവന്ന അക്രമിസംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു. ഇതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കണ്ടക്ടര്‍ തുടങ്ങിയവരെ സംഘം ആക്രമിച്ചു.
പിന്നീട് നേരത്തെ ആക്രമിച്ച ബിജുവിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിയ അക്രമികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ ബിജുവിനെ വീണ്ടും ആക്രമിച്ചു. ഇവിടെ ആക്രമണം തടയാന്‍ ശ്രമിച്ച രണ്ടുപേരെയും സംഘം തല്ലിച്ചതച്ചു. പിടിയിലായ ഒരാള്‍ക്ക് ബിജുവുമായി ഉണ്ടായിരുന്ന പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.