ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പോലീസ് പിടികൂടിയ ഇറച്ചിക്കോഴികളുമായെത്തിയ കള്ളക്കടത്തുവാഹനത്തെ സിനിമാസ്റ്റൈലിൽ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു
ഇന്നലെ വൈകുന്നേരം മൂന്നിന് കൊഴിഞ്ഞാന്പാറ കരുവപ്പാറ റോഡിലുള്ള യുപി സ്കൂളിനു മുന്നിൽവച്ചാണ് സംഭവം.
കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് വാണിജ്യനികുതി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കാറിലെത്തിയ സംഘം ഇറച്ചിക്കോഴി വാഹനത്തിന്റെ താക്കോൽ തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് നാലംഗസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തത്. ഗോപാലപുരം സ്വദേശി മദൻകുമാർ (26), കൊടുവായൂർ സ്വദേശി കാജാഹുസൈൻ (35) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പറിക്കലിനായി നന്പർ പ്ലേറ്റില്ലാതെയെത്തിയ കാർ പോലീസ് പിടിച്ചെടുത്തു.
കൊഴിഞ്ഞാന്പാറ എസ്ഐ സജികുമാറും സംഘവും ഇന്നലെ രാവിലെ 9.30ന് അഞ്ചാം മൈലിൽവച്ചാണ് ഇറച്ചിക്കോഴി വാഹനം പിടികൂടിയത്. വാണിജ്യനികുതിവകുപ്പ് അധികൃതർ 1,80,000 രൂപ പിഴ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തട്ടികൊണ്ടുപോകൽശ്രമം അരങ്ങേറിയത്. നഗരമധ്യത്തിൽ നടന്ന ഗുണ്ടാ ആക്രമണം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കള്ളക്കടത്തുസംഘം പോലീസുമായി ഏറ്റുമുട്ടാനുള്ള ശ്രമം നടത്തുന്നതായും സൂചനയുണ്ട്.