കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയതിന് പിടിയിലായ യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു. ആയാംകുടി സ്വദേശിയായ ഇരുപതുകാരനാണ് പിടിയിലായത്. ഇയാളുടെ പിതാവ് ചികിത്സയിലുണ്ട്. കൂടെ നിൽക്കാൻ എത്തിയതാണ്.
28-ാം വാർഡിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ യുവതിയുടെ ചിത്രം മൊബൈലിൽ പകർത്തുന്പോഴാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ട യുവാവ് ഫോണ് ഒളിപ്പിച്ചു വച്ച് പോലീസിനെ കബളിപ്പിക്കാനും ശ്രമം നടത്തി. ആദ്യം ഇയാൾ പറഞ്ഞത് മൂന്നാം വാർഡിൽ ഫോണ് ചാർജ് ചെയ്യാൻ വച്ചിരിക്കുകയാണെന്ന്. പോലീസ് എത്തി ഫോണ് എടുത്ത് പരിശോധിച്ചെങ്കിലും അതിൽ കുളിസീൻ ഒന്നും കണ്ടില്ല.
സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ ഫോണ് ഒളിപ്പിച്ചു വച്ചതായി കണ്ടെത്തിയത്. ആദ്യം കിട്ടിയ ഫോണ് ഇയാൾ വാർഡിൽ നിന്ന് അടിച്ചു മാറ്റിയതായിരുന്നു. രണ്ടാമത്തെ ഫോണിൽ നിന്ന് ചിത്രങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.