പാറശാല: പാറശാലക്കു സമീപം ഇഞ്ചിവിളയിൽ നിന്നും തമിഴ്നാട് പോലീസ് പിടികൂടിയ കുഴൽപ്പണം എസ്ഐ യെ ആക്രമിച്ചു തട്ടിയെടുത്തു കടന്നുകളഞ്ഞ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇടിച്ചക്കപ്ലാമൂട് ഫാത്തിമ കോട്ടേജിൽ അസീം (40 ) , ഇഞ്ചിവില എസ് പി മൻസിലിൽ പീരുമുഹമ്മദ് (24 ),ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി വീട്ടിൽ ഫിറോസ് ഖാൻ (30 ) ഇടിച്ചക്കപ്ലാമൂട് പുരയ്ക്കോട്ടുകോണം അജീബ് (38 ) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കട എസ് ഐ റോബർട്ട് ജെയ്നിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം .
സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം : കേസ് അന്വേഷണത്തിന്റെ ഭാഗമായി പുതുക്കട എസ്ഐ മാർത്താണ്ഡത്തു നിൽക്കവേ ബൈക്കിൽ രണ്ടുകോടി രൂപയുടെ ഹവാലപ്പണം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചു.ഇതനുസരിച്ച് പണവുമായി വന്ന ഇരുചക്ര വാഹനം നിർത്താൻ കൈകാണിച്ചുവെങ്കിലും ,നിർത്താതെ പോയതിനാൽ , സ്വന്തം ബൈക്കിൽ എസ്ഐ പിന്തുടർന്ന് വരികയായിരുന്നു.
അതിർത്തകടന്നു ഇഞ്ചിവിളയിലെത്തിയപ്പോൾ എസ്ഐ കുഴൽ പണവുമായി വന്ന അസീമിനെ പിടികൂടി.ബാഗു പരിശോധിക്കുന്നതിനിടെ അസീം സുഹൃത്തുക്കളായ അൽ -അമീൻ, പേര് മുഹമ്മദ് , ഫിറോസ് ഖാൻ , അജീബ് തുടങ്ങിയവരെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് എല്ലാവരും കൂടി എസ്ഐ റോബർട്ട് ജെയ്നിനെ ആക്രമിച്ചു ബാഗു തട്ടിയെടുത്തു കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന മാധ്യമ പ്രവർത്തകർ ആക്രമണ ദൃശ്യങ്ങൾ കാമറയിൽ പകർത്തി. തുടർന്ന് സംഘം മാധ്യമപ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് മാധ്യമ പ്രവർത്തകർ പാറശാല പോലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തുന്നതിനു മുൻപേ സംഘം കടന്നുകളയുകയുമായിരുന്നു.
തുടർന്ന് എസ്ഐ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുഴൽപണവുമായി വന്ന അസീമിനെ പിടികൂടുകയും, അദ്ദേഹത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു മൂന്നുപേരെയും തിരുവനന്തപുരം വള്ളക്കടവിൽ നിന്നും പിടികൂടുകയും ചെയ്തു.
അസീമിനെ ചോദ്യം ചെയ്തതിൽ നിന്നും കളിയിക്കാവിള മത്സ്യ മാർക്കറ്റിലെ കമ്മീഷൻ ഏജന്റ് നൽകിയ ഒരുലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നതെന്നും , എസ്ഐ മഫ്തിയിലായിരുന്നതിനാൽ ,തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും , പണം തട്ടിയെടുക്കാൻ വന്നയാളെന്നു തെറ്റിദ്ധരിച്ചു സുഹൃത്തുക്കളെ വിളിച്ചു വരുത്തിയതാണെന്നും പണം അതാതു സ്ഥലങ്ങളിൽ ഏല്പിക്കേണ്ടവരെ ഏൽപ്പിച്ചെന്നും വെളിപ്പെടുത്തി.
കുഴൽപണമാണോ, അസീം പറഞ്ഞതുപോലെ മൽസ്യ മാർക്കറ്റിലെ പണമാണോയെന്നു അന്വേഷിച്ചു വരുകയാണെന്നും, പ്രധാന പ്രതിയായ അൽ -അമീനിനെ പിടികൂടാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡി വൈഎസ്പി ഹരികുമാർ , പാറശാല സിഐ ബിനുകുമാർ, എസ്ഐ എസ്. ബി. പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.