തലശേരി: ലക്ഷങ്ങളുടെ കുഴൽപ്പണം തലശേരി മേഖലയിൽ വിതരണം ചെയ്യാനെത്തിയ ആൾ പോലീസിന്റെ പിടിയിൽ. കോട്ടയം പൊയില്‍ കോട്ടയം അങ്ങാടിയിലെ ജംഷീനാസില് മഷഹൂദിനെയാ(53) ണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 5,28,000 രൂപയും പിടികൂടി.
ഇന്നലെ രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 2000 രുപയുടെയുടെ 500 രൂപയുടെയും നോട്ടുകളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. പണത്തിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല. ഇയാൾ കുഴൽപണ വിതരശൃംഖലയിലെ കണ്ണിയാണെന്നാണ് കരുതുന്നത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.