കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ നൈട്രോസെപാം ഇനത്തിൽപ്പെട്ട 43 മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.
ചേർത്തല എരമല്ലൂർ തേന്പറത്ത് വീട്ടിൽ അനിൽ സെബാസ്റ്റ്യൻ (19), നെടുമങ്ങാട് കന്യാർപ്പാറ നിരപ്പിൽ വീട്ടിൽ ഷിനോജ്കുമാർ (25) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും മയക്കുമരുന്ന് കൈമാറുന്നതിനിടെ പിടിയിലായത്.
കഞ്ചാവ് റെയ്ഡുകൾ ശക്തമായതിനെ തുടർന്ന് യുവാക്കൾ മറ്റു രീതിയിലുള്ള ലഹരിവഴികൾ ഉപയോഗപ്പെടുത്തുകയായിരുന്നു. ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാകാത്തതും ഒളിപ്പിക്കാനും മറ്റും എളുപ്പമായതിനാലുമാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ തിരഞ്ഞെടുത്തത്. അന്യസംസ്ഥാനത്തുള്ള ചില മെഡിക്കൽ റെപ്രസന്റേറ്റീവുമാരും മെഡിക്കൽ ഷോപ്പുകളുമാണ് ഇവർക്ക് ഇത് നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. കെ. സനുവിന്റെ നിർദേശാനുസരണം സിഐ വിനോദ്കുമാർ എസ്.കെ, ഇൻസ്പെക്ടർ ജി.വിനോജ്, പ്രിവന്റീവ് ഓഫീസർ നിർമലൻ തന്പി, ഷാഡോ ടീമംഗങ്ങളായ സലിം, അനീഷ്, എവേഴ്സൺ ലാസർ, സുനിൽ, ശ്രീജയൻ, ടോമി, കബീർ, വിഷ്ണുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.