കാട്ടാക്കട : പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയായ സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി.
മണ്ണ് മാഫിയ തലവനായ ചാരുപാറ സജുവാണ് ( 45) ഇന്ന് രാവിലെ കീഴടങ്ങിയത്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നു. സംഗീതിന്റെ പുരയിടത്തിൽ അനധികൃതമായി മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തതും സംഗീതിനെ കൊല്ലാനുള്ള നീക്കം നടത്തിയതും ഇയാളാണ് എന്ന് ആരോപണമുയർന്നിരുന്നു.
പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാൾ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ചെമ്പൂര്, പാലോട്ടു കോണം ലക്ഷ്മി ഭവനിൽ ഉണ്ണി എന്ന ലാൽ കുമാർ (26) ഒറ്റശേഖരമംഗലം, വെള്ളാങ്കൽ, ഉഷ ഭവനിൽ അനീഷ് എന്ന വിനീഷ് (26) എന്നിവരെയാണ് ഇന്നലെ പിടികൂടി ചോദ്യം ചെയ്ത ശേഷം കാട്ടാക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ ടിപ്പർ ഡ്രൈവർമാരാണ്. ഇവർ ജെസിബിയുടെ സഹായിയായും ജോലി ചെയ്യുന്നവരാണ്. വിജിൻ സംഭവം ദിവസം തന്നെ കീഴടങ്ങിയിരുന്നു.
വിജിനെ കോടതി റിമാൻഡ് ചെയ്തു. ടിപ്പർ ഉടമ ഉത്തമൻ അടക്കം കുറെ പേരെ ഇനി പിടികൂടാനുണ്ട്. കാട്ടാക്കട പോലീസിന്റെ കസ്റ്റഡിയിൽ 6 ഓളം പേരുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.സംഗീതിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർ , സഹായങ്ങളൊരുക്കിയ അഞ്ചിലെറെപ്പേർ ഇങ്ങനെ പത്തിലധികം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം സഹായം അഭ്യർഥിച്ച് വിളിച്ചിട്ടും പോലിസ് എത്താൻ വൈകിയതാണ് സംഗീതിന്റെ കൊലയ്ക്ക് കാരണമായതെന്ന് ഭാര്യ സംഗീത പറഞ്ഞു. ടിപ്പർ ലോറിയും ജെസിബിയും പോലീസ് പിടിച്ചെടുത്തു.