ചാലക്കുടി: ട്രെയിനുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ ലാപ്ടോപ് മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിലായി. പുതുക്കോട്ടെ പൂങ്കനഗർ സ്വദേശി ആരോഗ്യസ്വാമി (39)യെയാണ് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ചാലക്കുടി സിഐ വി.എസ്.ഷാജുവിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധനയ്ക്കിടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ലാപ്ടോപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരാളുടെ കൈയിൽനിന്നു വാങ്ങിയതാണെന്നും സിവിൽ എൻജിനീയറാണെന്നുമാണു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതാണെന്നു സമ്മതിച്ചു.
ജനറൽ കന്പാർട്ട്മെന്റിൽ കയറുന്ന ഇയാൾ ഉറങ്ങുന്ന യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച് അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങുകയാണ് ചെയ്യുന്നത്. എഎസ്ഐ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ മടപ്പാട്ടിൽ, ടി.യു.റെജി, വിനോദ്കുമാർ, വി.എസ്.അജയ്കുമാർ, വി.യു.സിൽജൊ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.