കണ്ണൂർ: ഇരിട്ടിയിൽ മുസ്ലിം ലീഗ് പ്രാദേശിക ഓഫീസിൽ നിന്നും ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തിൽ പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റ് പി.വി.നൗഷാദ്, സെക്രട്ടറി പി.സക്കറിയ, ജോയിന്‍റ് സെക്രട്ടറി എം.കെ.ഷറഫുദ്ദീൻ, വൈസ് പ്രസിഡന്‍റ് കെ.മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
ലീഗ് ഓഫീസിലെ മിനിട്സ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകൾ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ബോംബ് സ്ഫോടനത്തില്‍ പങ്കില്ലെന്നും ലീഗ് ഓഫീസിലല്ല സ്ഫോടനം നടന്നതെന്നും സ്ഫോടനത്തിനുശേഷം പോലീസ് ഗോവണിപ്പടിയില്‍ നിന്നും മറ്റുമായി കണ്ടെത്തിയ ബോംബുകളും ആയുധങ്ങളും മറ്റാരോ കൊണ്ടുവച്ചതാണെന്നുമാണ് ലീഗ് നേതാക്കളുടെ മൊഴി. സ്ഫോടനം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സിഐ രാജീവന് വലിയവളപ്പിലാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ നേതാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.