കൊച്ചി: കഞ്ചാവ് വില്‍പ്പനക്കേസിൽ എക്സൈസിന്റെ പിടിയിലായ ലൂക്കാ ബ്രോസ് എന്ന മൂവര്‍സംഘം കോട്ടയത്ത് കെട്ടിപ്പൊക്കിയത് ലഹരി സാമ്രാജ്യം. പെട്ടെന്ന് പണക്കാരാകാനുള്ള ഭാഗ്യാന്വേഷണം ഇവരെ തമിഴ്നാടില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിക്കുന്നതിന് പ്രേരിപ്പിച്ചു. കഞ്ചാവ് വില്‍പ്പനയ്ക്ക് കണ്ടെത്തിയ സ്ഥലം കൊച്ചിയും. കച്ചവടം പൊടിപൊടിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലുമായി.
ഇന്നലെ തൃപ്പൂണിത്തുറ പേട്ട ഭാഗത്തു നിന്നാണ് കഞ്ചാവ് കടത്തിയ കേസില്‍ ഈരാട്ടുപേട്ട തലനാട് നെല്ലുവേലില്‍ ആഷിക് സോണി (26), അക്ഷയ് സോണി (22), ഇരുവരുടെയും സുഹൃത്തായ കുളത്തുങ്കല്‍ യൂസഫ് (20) എന്നിവരടങ്ങിയ മൂവര്‍ സംഘം ( ലൂക്കാ ബ്രോസ് ) എക്സൈസിന്റെ പിടിയിലായത്. ഇവരുടെ നാടായ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പൊതിക്കച്ചവടത്തിലായിരുന്നു തുടക്കം. പിന്നെ, കിലോ കണക്കിന് കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത് വില്പന ആരംഭിക്കുകയായിരുന്നു.
അടുത്തിടെയാണ് ലഹരി സാമ്രാജ്യം കൊച്ചിയിലേക്ക് വ്യാപിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ 20 കിലോ കഞ്ചാവ് കൊച്ചിയില്‍ ചൂടപ്പം പോലെ വിറ്റഴിച്ചു. എന്നാൽ, രഹസ്യവിവരം ലഭിച്ച എക്സൈസ് ഇവരെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ ഒരാളായ യൂസഫ് വൈറ്റില ഭാഗത്ത് ജോലി ചെയ്തപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തില്‍ ആകുകയും അവര്‍ക്കിടയിലെ ലഹരി ഉപയോഗം മനസിലാക്കി കഞ്ചാവ് കടത്തിലേക്ക് തിരിയുകയുമായിരുന്നു.
അതിനായി നാട്ടില്‍ അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവു കച്ചവടവുമായി കഴിഞ്ഞു വരുകയായിരുന്ന മാഫിയ സംഘത്തില്‍പെട്ട സഹോദരങ്ങളെ വിപണന സാധ്യത പറഞ്ഞു മനസിലാക്കി കൂടെ കൂട്ടി. നിരവധി തവണ മൂവരും ചേര്‍ന്നു കമ്പത്ത് നിന്നും കഞ്ചാവ് കടത്തി എറണാകുളത്തെത്തിച്ച് വില്പന നടത്തിയിട്ടുണ്ട്.
മാസത്തില്‍ മൂന്നോ നാലോ തവണകളിലായി 10 മുതല്‍ 20 കിലോ വരെ കഞ്ചാവ് എത്തിച്ച് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറികള്‍ വാടകയ്ക്ക് എടുത്ത് വില്പന നടത്തിയിരുന്നു. 500, 1000 രൂപയുടെ ചെറിയ പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്പന. എക്സൈസ് പിടികൂടിയപ്പോള്‍ മൂവരും കഞ്ചാവിന്റെ ഉന്മാദത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സഹോദരങ്ങളെ സമീപിച്ച എക്സൈസ് സംഘം ഒരുക്കിയ വലയില്‍ തൃപ്പൂണിത്തുറ പേട്ടയില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.