തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് പരാതി നൽകിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പട്ടം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. പരാതി തെളിയിക്കാൻ കഴിയാതെ വന്നതിനെതുടർന്നാണ് എബിനെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എബിനെ എത്തിച്ചു.
സർക്കാർ ഉദ്യോഗസ്ഥന് തെറ്റായവിവരം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ആറു മാസം തടവോ ആയിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും.
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151-ാം നമ്പർ ബൂത്തിലെ വോട്ടറായിരുന്നു എബിൻ. ഇയാൾ രാവിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ടെസ്റ്റ് വോട്ട് നടത്തി. എന്നാൽ ഇതിൽ എബിൻ പരാജയപ്പെട്ടു. ഇതോടെയാണ് കേസെടുത്തത്.
തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്ത് രാവിലെ കോണ്ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ ബിജെപി ചിഹ്നമായ താമരയിലേക്ക് പോകുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് എത്തിയത്. ജില്ലാ ഭരണകൂടവും പരാതി തെറ്റാണെന്ന് സ്ഥിരീകരിച്ചു.