കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ചു അവിവാഹിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. കടുത്തുരുത്തി അഗ്രോ സർവ്വീസ് സെന്ററിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കുറവിലങ്ങാട് കാളികാവ് മേമന വീട്ടിൽ മനു മോഹൻ (27) ആണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ – ഏതാനും മാസം മുന്പ് കോതനല്ലൂർ സ്വദേശിനിയായ യുവതിയുമായി ഇയാൾ പരിചയത്തിലായിരുന്നു. തുടർന്ന് ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തി. ഇതിനിടെ യുവതിക്ക് ഇയാളെക്കുറിച്ചു മോശമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. ഇതോടെ യുവതി ഇയാളുമായുള്ള ബന്ധത്തിൽനിന്നും പിന്മാറി.
ഇതോടെ യുവതിയുടെ ഫോട്ടോകൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് ഇവരെ മോശക്കാരിയായി ചിത്രീകരിക്കാൻ യുവാവ് ശ്രമിച്ചു. കുടാതെ യുവതിയെ ഇയാൾ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കടുത്തുരുത്തി എസ്ഐ കെ.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുറവിലങ്ങാട് നിന്നും കസ്റ്റഡിയിലെടുത്തത്. കടുത്തുരുത്തി അഗ്രോ സർവ്വീസ് സെന്ററിൽ പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കാണിച്ചു അഗ്രോ സർവ്വീസ് സെന്റർ പ്രസിഡന്റ് ഷൈലജ മാസങ്ങൾക്ക് മുന്പ് കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.
സെന്ററിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയിരുന്ന ഫെസിലിറ്റേറ്ററായിരുന്ന മനു മോഹനാണ് പണം തട്ടിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇതുകൂടാതെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.