ചങ്ങനാശേരി: ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ ശേഷം 14 വർഷമായി മുങ്ങിനടന്ന വക്കീൽ ഗുമസ്തൻ പിടിയിൽ. കുറിച്ചി ചെറുവേലിപ്പടി വെട്ടുകാട്ട് മധുസൂദനൻ നായർ (51) ആണ് പിടിയിലായത്. ഇന്നലെ രാത്രി കറുകച്ചാലിലെ വിദേശമദ്യശാലയിൽ മദ്യപിച്ച ശേഷം ഓട്ടോയിൽ കയറിപ്പോകാൻ ശ്രമിക്കവേ ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡാണ് ഇയാളെ അറസ്റ്റുചെയ്തത്.
2003-ൽ ചങ്ങനാശേരി സ്വദേശിയായ ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച പണം നഷ്ടമായ ആൾ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയിരുന്നു. വയനാട്ടിലേക്ക് മുങ്ങിയ മധുസൂദനൻ അവിടെയും തട്ടിപ്പ് നടത്തി.
കാന്റീൻ തരപ്പെടുത്തി നൽകാം എന്നു പറഞ്ഞാണ് വയനാട്ടിലെ ഒരാളിൽനിന്ന് പണം തട്ടിയത്. ഇവിടെനിന്നു മുങ്ങിയ മധുസൂദനനെ കുറിച്ചിയിലെ വീട്ടിൽ വയനാട് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ പോലീസിനെ ആക്രമിച്ച് മധുസൂദനൻ രക്ഷപ്പെടുകയായിരുന്നു.ആളുകളെ പറഞ്ഞുപറ്റിക്കാൻ നല്ല വാക്ചാതുര്യമുള്ള ആളാണ് മധുസൂദനനെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ ഭാര്യ ചിങ്ങവനം പോലീസിൽ പീഡനക്കേസ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഭാര്യയുമായി മധുസൂദനൻ വേർപിരിഞ്ഞു കഴിയുകയാണ്. വിവിധ സ്ഥലങ്ങളിൽ പല പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, അൻസാരി, മണികണ്ഠൻ, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.