കടുത്തുരുത്തി: ഓണം ആഘോഷിക്കാൻ ക്ലാസ് മുറിയിലിരുന്നു മദ്യപിക്കുകയും അധ്യാപകരെ ഭീഷിണിപെടുത്തുകയും ചെയ്ത വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. ക്ലാസ്സ് മുറിയിലിരുന്ന മദ്യപിക്കുകയും ചോദ്യം ചെയ്യാനെത്തിയ അധ്യാപകരെ മദ്യലഹരിയിലായ വിദ്യാർഥികൾ അധ്യാപകരെ ഭീക്ഷണിപെടുത്തുകയും തുടർന്ന് കോളജിലെ ഓണാഘോഷം വിദ്യാർഥികൾ അലങ്കോലപ്പെടുത്തുകയും ചെയ്തു.
പ്രിൻസിപ്പളിന്റെ പരാതിയെ തുടർന്ന് പോലീസ് നാല് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഞീഴൂർ ഐഎച്ച്ആർഡി കോളേജിൽ ഇന്നലെയാണ് സംഭവം. കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന സമയത്ത് നാല് വിദ്യാർഥികൾ ക്ലാസ്സ് മുറിയിലിരുന്ന മദ്യപിച്ചു. വിവരമറിഞ്ഞ് എത്തിയ അധ്യാപകർ ക്ലാസ്സ് മുറിയിലെ മദ്യപാനം ചോദ്യം ചെയ്തതോടെ വിദ്യാർഥികൾ അധ്യാപകർക്കു നേരേ തട്ടി കയറുകയും അപമര്യാദയായി പെരുമാറുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ പ്രിൻസിപ്പൾ മദ്യലഹരിയിലായിരുന്ന വിദ്യാർഥികളോട് കോളജ് പരിസരത്ത് നിന്ന് പുറത്തു പോകുവാൻ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥികൾ പ്രിൻസിപ്പളിനെ കൈയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയിൽ കോളജിന്റെ പ്രധാനകവാടം അടച്ച സെക്യൂരിറ്റി ജീവനക്കാരനെയും വിദ്യാർഥികൾ കൈയ്യേറ്റം ചെയ്തു. ഇതോടെ കോളജിലെ ഓണാഘോഷം അലങ്കോലപെട്ടു.
തുടർന്ന് ഓണാഘോഷങ്ങൾ നിറുത്തിവച്ചതിന് ശേഷം പ്രിൻസിപ്പൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രിൻസിപ്പാളിന്റെ പരാതിയെ തുടർന്ന് കോളജിലെ നാല് മൂന്നാംവർഷ ബിരുദവിദ്യാർഥികളെ കസ്റ്റഡിലെടുക്കുകയും ഇവർക്കെതിരെ കേസെടുത്തതായും കടുത്തുരുത്തി എസ്ഐ ജി.പ്രദീപ് പറഞ്ഞു. ആഘോഷത്തിനായി കോളജിൽ തയാറാക്കിയ പയസം വിതരണം ചെയ്യാതെ വന്നതോടെ ഇതു പിന്നീട് മറിച്ചു കളഞ്ഞതായും വിദ്യാർഥികൾ പറഞ്ഞു.