വടകര: വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കാൻ മയക്കു ഗുളികകൾ വിൽക്കുന്ന വൻ റാക്കറ്റ് വടകരയിൽ വിലസുന്നു. ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞ പോലീസ് നടത്തിയ സമർഥമായ കരുനീക്കത്തിൽ ഈ റാക്കറ്റിലെ കണ്ണി വലയിലായി. വടകര മുനിസിപ്പാലിറ്റിയിലെ കൊയിലാണ്ടിവളപ്പിൽ അയ്യങ്കൊല്ലി മഹറൂഫിനെയാണ് (23) സർക്കിൾ ഇൻസ്പെക്ടർ ടി.മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. മനോരോഗികൾക്കും വിഷാദരോഗികൾക്കും ഡോക്ടർമാർ നിർദേശിക്കുന്ന നൈട്രോസൻ 10 എംജി ഗുളികകളാണ് പിടിച്ചെടുത്തത്.
നഗരമധ്യത്തിലെ ബിഇഎം ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് മയക്കുഗുളികയുമായി എത്തിയപ്പോഴാണ് മഹറൂഫിനെ പോലീസ് പിടികൂടുന്നത്. 63 ഗുളിക ഇയാളിൽ നിന്നു പിടിച്ചെടുത്തു. പതിനെട്ട് ഗുളിക പൊടിച്ച നിലയിലാണ്. വ്യാപകമായ തോതിൽ മയക്കു മരുന്ന് വിൽക്കുന്ന ആളാണ് മഹറൂഫ്. ഇയാളുടെ പക്കൽ നിന്നു കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
അസുഖമില്ലാത്ത ഒരാൾ കഴിച്ചാൽ കരളിനും വൃക്കക്കും ദോഷകരമായി ബാധിക്കുന്ന ഗുളികയാണ് ഇവയെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കേരളത്തിൽ ഈ മരുന്ന് കിട്ടില്ല. ഇത്തരം മരുന്നു വിൽക്കുന്ന മെഡിക്കൽ ഷോപ്പുകാർ ഇതു സംബന്ധിച്ച വിശദാംശങ്ങൾ സൂക്ഷിക്കുകയും വേണം.
കേരളത്തിൽ ഈ മരുന്ന് വിൽക്കാൻ കർശന നിയന്ത്രണമുണ്ടെങ്കിൽ അന്യസംസ്ഥാനത്ത് സുലഭമായി കിട്ടും. കോയന്പത്തൂരിൽ നിന്നാണ് ഇയാൾ ഈ മരുന്ന് എത്തിച്ചിരിക്കുന്നത്. അവിടെ നിന്നു പത്തു രൂപക്കു വാങ്ങുന്ന ഒരു ഗുളിക നൂറ്റന്പത് രൂപക്കാണ് വിൽക്കുന്നത്. ഇവിടെ മരുന്നു കടയിൽ ഇതിനു മൂന്നു രൂപ എഴുപത് പൈസയേയൂള്ളൂ. ഈ ഗുളിക കഴിച്ചാൽ ദീർഘനേരത്തേക്ക് തലക്കു മത്ത് പിടിക്കുമെങ്കിൽ ആന്തരികാവയങ്ങൾ തകരാറിലാവും.
വടകരയിൽ വിദ്യാർഥികൾക്കും അല്ലാത്തവർക്കും ഇത്തരം ഗുളിക വൻതോതിൽ വിൽപന നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് സൂചന കിട്ടിയെന്നും അവരേയും വലയിലാക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു. എഎസ്ഐ മാരായ ബാബു, സി.എച്ച്.ഗംഗാധരൻ, പോലീസുകാരായ കെ.പി.രാജീവൻ, കെ.യൂസഫ്, വി.വി.ഷാജി, എൻ.കെ.പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.