ശ്രീകണ്ഠപുരം: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ യുവാവ് ചേപ്പറമ്പിൽ മോഷണശ്രമത്തിനിടെ പിടിയിൽ. തടിക്കടവ് മണാട്ടിയിലെ ടി.പി. മഹേഷിനെ (23) യാണ് ശ്രീകണ്ഠപുരം എസ്ഐ എം.പി. ഷാജിയും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കൊട്ടൂർവയൽ അയ്യപ്പൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന ശേഷം ചേപ്പറമ്പിലേക്ക് കവർച്ചക്കായി എത്തുകയായിരുന്നു. ചേപ്പറമ്പിലെ ഇളംകരുമകൻ ക്ഷേത്രത്തിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്.
നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തടഞ്ഞുവെച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊട്ടൂർവയൽ അയ്യപ്പൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ രാത്രി കവർച്ച നടത്തിയതായി ഇയാൾ മൊഴി നൽകിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ രണ്ട് കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇയാളെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.