തൃശൂർ: നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ പ്രതിയായ എറണാകുളം കോതമംഗലം സ്വദേശി മമ്മദ്, രാജൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പുത്തൻപീടികയിൽ വീട്ടിൽ മുഹമ്മദ് (55) അറസ്റ്റിൽ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ നായരുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ക്ഷേത്രങ്ങളുടെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചും പണവും മറ്റും കവർന്ന കേസുകളുടെ അന്വേഷണത്തിനിടെയാണ് മമ്മദ് പിടിയിലായത്. ആറു മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. ഇതിനു ശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിൽ ഇയാൾ കവർച്ച നടത്തിയതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
തൃശൂർ തൈക്കാട്ടുശേരി ദുർഗാഭഗവതി ക്ഷേത്രത്തിലെ ചുറ്റന്പലത്തിൽ സ്ഥാപിച്ചിരുന്നു ഭണ്ഡാരം തകർത്ത് പണം കവരുന്നതിനിടെ ക്ഷേത്രം പൂജാരി വന്നപ്പോൾ പൂജാരിയെ ആക്രമിച്ച് മമ്മദ് പണവുമായി കടന്നുകളഞ്ഞിരുന്നു. ചാലക്കുടി പിഷാരിക്കൽ ശ്രീദുർഗ സരസ്വതി ക്ഷേത്രത്തിൽ നിന്ന് പതിനായിരങ്ങൾ വിലമതിക്കുന്ന പതിനഞ്ചോളം നിലവിളക്കുകളും ഭണ്ഡാരത്തിൽ നിന്ന് പണവും ഇയാൾ കവർന്നിട്ടുണ്ട്.
നൂറോളം ക്ഷേത്രമോഷണക്കേസുകൾ, വാഹനമോഷണകേസുകൾ, കൊലപാതക കേസുകൾ എന്നിവയിൽ ഇയാൾ പ്രതിയാണ്.തൃശൂർ ജില്ലയിൽ ആനന്ദപുരം പാന്പാട്ടികുളങ്ങര ശ്രീ നന്ദദുർഗ ദേവീക്ഷേത്രം, സോമിൽ റോഡ് കീഴ്തൃക്കോവിൽ ക്ഷേത്രം, വടക്കാഞ്ചേരി നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രം, വെട്ടിക്കാട്ടിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറളിക്കാട് വട്ടിച്ചിറക്കാവ് ക്ഷേത്രം, തലോർ ത്രൈലോക്യമംഗലം ശിവക്ഷേത്രം എന്നീ അന്പലങ്ങളിൽ നിന്ന് ഭണ്ഡാരങ്ങൾ തകർത്ത് പണവും മറ്റും കവർന്നിട്ടുണ്ട്. അന്പലങ്ങളുടെ ഓടു പൊളിച്ചാണ് പലയിടത്തും ്അകത്തു കടക്കാറുള്ളത്.
തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ നിരവധി ക്ഷേത്രമോഷണകേസുകളി്# ഇയാൾ പ്രതിയാണ്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് സിഐ സേതുവിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ പി.ശശികുമാർ, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐമാരായ എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, എം.എസ്.ലിഗേഷ്, കെ.ബി.വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.