വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴു പ്രതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. പയറ്റുവിള സ്വദേശികളായ ബിനു(29),മനോജ്(28),രാഹുല്‍(21),ദീപു(20),ചന്തു(24),ശ്രീജിത്ത്(25),ബിജു(40) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം വൈകുന്നേരം 3.30 ഓടെയാണ് പയറ്റുവിള ജംഗ്ഷനുസമീപത്ത് വച്ച് പയറ്റുവിള കരയ്ക്കാട്ടുവിള വീട്ടില്‍ മണികണ്ഠന് എന്ന് വിളിക്കുന്ന ബിജുവിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂന്നു ബൈക്കുകളിലായി എത്തിയ പ്രതികള്‍ ബിജുവിന്റെ കൈയിലും കാലിലും വെട്ടുകയും വയറ്റില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന ബിജുവിനെ നാട്ടുകാരാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
രണ്ട് ദിവസം മുന്‍പായിരുന്നു ബിജുവിന്റെ സുഹൃത്ത് സതീഷ് കുമാറിനെ പുലിയൂര്‍കോണത്ത് വച്ച് ആറംഗ അക്രമിസംഘം തലയില്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളും യുവാക്കളും തമ്മിൽ ഉണ്ടായിരുന്ന വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. വിഴിഞ്ഞം സിഐ എന്‍.ഷിബു, വിഴിഞ്ഞം എസ്ഐ പി.രതീഷ്,ഗ്രേഡ് എസ്ഐ രാജഗോപാല്‍, എഎസ്ഐ പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.