കൊല്ലം: മദ്യലഹരിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കിളികൊല്ലൂർ കന്നിമേൽചേരി കൈരളി നഗർ 57ൽ കുഴിക്കണ്ടം വയലിൽ ശ്രീമംഗലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി ചെട്ടിയാർ (57) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ മണിക്കുട്ട(31)നെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചത്തും കണ്ണിനുതാഴെയും കുത്തേറ്റ കൃഷ്ണൻകുട്ടി ചെട്ടിയാരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലുംഅവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചു.
അവിടെവച്ചായിരുന്നു അന്ത്യം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.സംഭവത്തിനുശേഷം സമീപത്തെ വീട്ടിലെ ടെറസിൽ കിടന്നുറങ്ങുകയായിരുന്ന മണിക്കുട്ടനെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.
മദ്യലഹരിയിലായിരുന്നതിനാൽ രാത്രിയിൽ സംഭവിച്ചതൊന്നും അറിയില്ലെന്നായിരുന്നു മണിക്കുട്ടൻ പോലീസിനോട് പറഞ്ഞത്. കൂലിപ്പണിക്കാരനാണ് മരിച്ച കൃഷ്ണൻകുട്ടി ചെട്ടിയാർ. അച്ഛനോടൊപ്പമാണ് മണിക്കുട്ടനും പണിക്ക് പോയിരുന്നത്.