കാസർഗോഡ്: മൂന്നു മാൻ കൊന്പുകളും സംരക്ഷിത ഇനത്തിൽപ്പെട്ട 11 ആമകളുമായി നാലംഗസംഘത്തെ കാസർഗോഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മൊഗ്രാലിലെ മുഹമ്മദ് അബ്ദുള്ള മൊയ്തീൻ(46), മൊഗ്രാൽ-പുത്തൂരിലെ വി. ഇമാം അലി(49), മായിപ്പാടിയിലെ കരീം(40), മൊഗ്രാൽ കൊപ്രബസാറിലെ ബി.എം. കാസിം(55) എന്നിവരെയാണ് ഡിഎഫ്ഒ എം. രാജീവൻ, കാസർഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അകമ്പടിയായി ബൈക്കിൽ പോയ സംഘത്തിലെ ചിലർ രക്ഷപ്പെട്ടു. ഇവർക്കുവേണ്ടി അന്വേഷണം നടന്നുവരികയാണ്.
ഇന്നലെ ഉച്ചയോടെ കുമ്പള പേരാൽകണ്ണൂരിൽ വച്ചാണ് രണ്ട് ആൾട്ടോ കാറുകളിലായി കലമാൻ കൊമ്പുകളും ആമകളുമായി പ്രതികൾ പിടിയിലായത്. രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
മുംബൈയിലെ ഒരു സംഘത്തിന് കൈമാറാനായി മാൻ കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലാണ് വനംവകുപ്പ് പിടികൂടിയത്. അഞ്ചു ലക്ഷം രൂപയ്ക്കാണ് ഇവ വില പറഞ്ഞുറപ്പിച്ചതെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.
രണ്ടുമാസം മുമ്പു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്കുവേണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ വലവിരിച്ചിരിക്കുകയായിരുന്നു. മാൻ കൊമ്പും ആമകളേയും ഉത്തരേന്ത്യയിൽ പൂജ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയിൽ മാൻകൊമ്പിനും ആമകൾക്കും ഏറെ ആവശ്യക്കാരുണ്ട്. ഷെഡ്യൂൾ (ഒന്ന്) ഇനത്തിൽപ്പെട്ട നാലു വെള്ള ആമകളും ഷെഡ്യൂൾ നാല് ഇനത്തിൽപ്പെട്ട ഏഴു കറുത്ത ആമകളുമാണ് പിടിച്ചെടുത്തവയിലുള്ളത്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പ്രതികളെ പിടികൂടിയ സംഘത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ആർ. ഷാജീവ്, ഫോറസ്റ്റ് ഓഫീസർമാരായ ചന്ദ്രൻനായർ, വി.വി. രാജഗോപാലൻ, എം.കെ. നാരായണൻ, ബീറ്റ് ഓഫീസർമാരായ കെ. ധനഞ്ജയൻ, കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഓഫീസർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ ഷൗക്കത്ത്, ജോഷി ജോസഫ്, ധനേഷ്, ഡ്രൈവർമാരായ രമേശൻ, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.