തളിപ്പറമ്പ്: വീണുകിട്ടിയ സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്ത് നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ഇതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു. മാന്തംകുണ്ടിലെ ബൊമ്മഞ്ചേരി മനോജിനെ (44)യാണ് ഇന്നു രാവിലെ തളിപ്പറന്പ് പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം രാത്രി വൈകി വിട്ടയച്ച ഇയാളെ ഇന്ന് രാവിലെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളാണ് സംഭവത്തിലെ പ്രധാന സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
അഞ്ച് മാസത്തെ നിരന്തര അന്വേഷണത്തിന് ശേഷമാണ് പ്രധാനപ്രതിയായ മുള്ളൂലിലെ മടക്കുടിയന്‍ ഹൗസില്‍ എം.ജെ.ജയന് (34)ഇന്നലെ തളിപ്പറമ്പ് പോലീസിന്റെ പിടിയിയിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ജയന് ഫോണ്‍വിളികളിലൂടെ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 21 ന് ഹൃദയാഘാതം മൂലം മരിച്ച പൊതുമരാമത്ത് കോണ്ട്രാക്ടര് മാന്തംകുണ്ടിലെ പുതുശേരി വീട്ടില്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നും മരണത്തിന് പിറകില്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടി അംഗമാണെന്നുമാണ് ജയന് നാട്ടിലും രവീന്ദ്രന്റെ ബന്ധുക്കളോടും വീണുകിട്ടിയ സിം ഉപയോഗിച്ച് ഫോണ്‍ ചെയ്ത് പറഞ്ഞത്.
രവീന്ദ്രനെ പാര്‍ട്ടി നേതാവ് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ സ്വാധീനമുപയോഗിച്ച് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കുകയായിരുന്നുവെന്നും കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന് കര്‍മ്മസമിതി രൂപീകരിക്കണമെന്നുമാണ് ജയന് ഫോണിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
തളിപ്പറമ്പ് ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരോടും പൗരപ്രമുഖരോടും മാധ്യമപ്രവര്‍ത്തകരോടും ഈ വിവരം വിളിച്ചറിയിച്ചുകൊണ്ടിരുന്ന ഇയാള്‍ക്കെതിരെ മരിച്ച രവിയുടെ സഹോദരന് പുരുഷോത്തമന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.
മൊബൈല്‍ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയെങ്കിലും സിം ഉപയോഗിച്ച് ഫോണ്‍ വിളിക്കുന്ന ആളെ കണ്ടെത്താനായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ടവര്‍ ലൊക്കേഷനില്‍ നിന്നായിരുന്നു ഫോണ്‍ ചെയ്തത്. ഈ നമ്പര്‍ പോലീസ് പിന്നീട് ബ്ലോക്ക് ചെയ്തുവെങ്കിലും വീണുകിട്ടിയ ഇരിക്കൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചായി തുടർന്നുള്ള വിളികള്‍ .
പട്ടുവത്തെ കോൺഗ്രസ് ഓഫീസ് തകർത്തത് മുള്ളൂലിലെ സിപിഎം പ്രവർത്തകരാണെന്ന് ഡിസിസി സെക്രട്ടറി കപ്പച്ചേരി രാജീവനോടും മുള്ളൂൽ ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ കപ്പച്ചേരി രാജീവന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറിയോടും ഫോൺ വിളിച്ചുപറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പുളിമ്പറമ്പിലെ സിപിഎം പ്രവര്‍ത്തകരെ വിളിച്ച് നിങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് ലീഗുകാരാണെന്നും ലീഗുകാരെ വിളിച്ച് നിങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് സിപിഎം കാരാണെന്നും പറഞ്ഞ് ഇരുകക്ഷികളേയും പരസ്പരം പോരടിപ്പിക്കാന് ശ്രമിച്ച ഇയാള്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം നടത്തിയത് സിപിഎമ്മുകാരാണെന്നും പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഇതുകൂടാതെ നാട്ടിലും മറ്റ് സ്ഥലങ്ങളിലുമുള്ള സ്ത്രീകളെ വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തുകൊണ്ടിരുന്ന ഇയാള്‍ രണ്ട് സിമ്മുള്ള ഫോണില്‍ നിന്ന് വീണുകിട്ടിയ ഫോണിലെ നമ്പറില്‍ അറിയാതെ വിളിച്ചതോടെയാണ് സൈബര്‍സെല്ലിന്റെ വലയില്‍ കുടുങ്ങിയത്. പ്രാദേശിക രാഷ്ട്രീയപ്രവര്ത്തകന് കൂടിയായ ഇയാളെ അതീവ സാഹസികമായാണ് ഇന്നലെ വൈകുന്നേരം പോലീസ് പിടികൂടിയത്.