ചെറായി(കൊച്ചി): നാലംഗ വിവാഹത്തട്ടിപ്പ് സംഘത്തിലെ പ്രതികളിലൊരാളെ മുപ്പതു വർഷത്തിനുശേഷം മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതി ഇരിങ്ങാലക്കുട സ്വദേശിനിയായ അമരിപ്പാടത്ത് ഗീത (54) ആണ് അറസ്റ്റിലായത്. താമസിച്ചുവന്ന കൊടുങ്ങല്ലൂർ പൊരിബസാർ കോന്നംപറമ്പിൽ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന നാലു പ്രതികളിൽ ഒരാളാണു ഗീത. ചാലക്കുടി കണ്ടോത്ത് നാരായണൻ, വിവാഹ ഇടനിലക്കാരൻ ചെറായി തെനയാട്ട് രാജൻ, നാലാം പ്രതി ഗീതയുടെ ഭർത്താവ് ഇരിങ്ങാലക്കുട അമരിപ്പാടത്ത് പുരുഷൻ എന്നിവരാണ് മറ്റു പ്രതികൾ. ഇതിൽ നിരപരാധിയെന്നു തെളിഞ്ഞ ഇടനിലക്കാരനെ മാപ്പുസാക്ഷിയായി പിന്നീട് ഒഴിവാക്കിയിരുന്നു. 1988ലാണു കേസിന് ആസ്പദമായ സംഭവം.
വിവാഹ ബ്രോക്കറായ രാജൻ, പള്ളിപ്പുറം മുല്ലോത്ത് പറമ്പിൽ നാരായണന്റെ മകൾ മണിക്കു വേണ്ടി കണ്ടെത്തിയ വരനായിരുന്നു ചാലക്കുടി സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ടോത്ത് നാരായണൻ. ഒന്നാം പ്രതിയുടെ സഹോദരിയും അളിയനുമാണെന്ന് പറഞ്ഞ് ഗീതയും ഭർത്താവായ പുരുഷോത്തമനും ചേർന്നാണു പെണ്ണുകാണാനും തുടർന്നുള്ള ചടങ്ങുകൾക്കും മുൻകൈ എടുത്തതും വിവാഹം നടത്തിക്കൊടുത്തതും.
മണിയുടെ വീട്ടിൽ നടത്തിയ വിവാഹത്തിനു സമ്മാനമായി 3301 രൂപ വധുവിന്റെ വീട്ടുകാർ നൽകുകയും ചെയ്തു. എന്നാൽ വിവാഹശേഷം വരൻ മുങ്ങി. ഇതേ തുടർന്ന് വധുവിന്റെ വീട്ടുകാർ മുനന്പം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ 1992ൽ ഇത് ലോംഗ് പെന്റിംഗ് കേസാക്കി മാറ്റിവെച്ചു. അടുത്തിടെ ആലുവയിൽ പുതിയ എസ് പി ചുമതലയേറ്റതോടെ ലോംഗ് പെന്റിംഗ് കേസുകൾ ഉടൻ തീർപ്പാക്കണമെന്നു നിർദേശം നൽകിയതിനെ തുടർന്ന് എസ്ഐ ജി അരുണ്, സീനിയർ പോലീസ് ഓഫീസർ ടി എസ് സിജു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് 30 വർഷത്തിനുശേഷം ഒരു പ്രതിയെ കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
മൂന്നും നാലും പ്രതികളായ പുരുഷോത്തമനും ഗീതയും ഒന്നാം പ്രതിയായ നാരായണന്റെ ബന്ധുക്കളല്ലെന്നു പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് ഗീത ഒറ്റക്കാണു കഴിയുന്നത്. ഒന്നാം പ്രതി നാരായണൻ എവിടെയെന്നു പിടിയിലായ പ്രതിക്കും അറിയില്ല. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.