ശ്രീകണ്ഠപുരം: പെട്രോൾ പമ്പിൽ സൂക്ഷിച്ച 200 ലിറ്റർ ഡീസൽ മോഷണം നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളി 21 വർഷത്തിന് ശേഷം അറസ്റ്റിൽ. കൊട്ടൂർ വയലിലെ നാഗലക്ഷ്മിക്കൽ മാത്യു എന്ന മത്തായി (43) യെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.
1991 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സംസ്ഥാന പാതയോരത്തെ ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിന് സമീപത്തെ ഭാരത് പെട്രോളിയത്തിലാണ് മോഷണം നടന്നത്. പെട്രോൾ പമ്പിന് സമീപം ബാരലുകളിൽ സൂക്ഷിച്ച ഡീസലാണ് മോഷണം നടത്തിയത്.
വിൽപനക്കായി പുലർച്ചെ ലോറിയിൽ കടത്തുന്നതിനിടെ കോഴിക്കോട് വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2010 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 15 വർഷത്തോളമായി ബാംഗ്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മാത്യുവിനെ രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ വൈകുന്നേരം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞിനാരായണൻ, സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.