ആലുവ: രഹസ്വ വിവരത്തെതുടർന്ന് റൂറൽ ജില്ലാ പോലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ ന്യൂജൻ മയക്കുമരുന്ന് ശേഖരം. മാറമ്പിള്ളി പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി മൂന്ന് യുവാക്കളെ ഇന്നലെ പുലർച്ചെയാണ് ആദ്യം പിടികൂടിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാളുടെ ചാലയ്ക്കലിലുള്ള ആക്രി കടയിൽനിന്നു രാത്രിയോടെ അരക്കിലോ കഞ്ചാവും 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂടാതെ ഇവിടെനിന്നു ലഹരിമരുന്ന് തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ(22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ വീട്ടിൽ അജ്മൽ അലി(32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടിൽ അജ്നാസ് (27) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ഇവരിൽ അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രി കട.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. റെയ്ഡിൽ കളമശേരിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും പങ്കെടുത്തു. പെരുമ്പാവൂർ വില്ലേജ് ഓഫീസർ, വാർഡ് മെമ്പർ എന്നിവരുടെ സാനിധ്യത്തിൽ തൊണ്ടി മുതലുകൾ തിട്ടപ്പെടുത്തി കോടതിയിൽ സമർപ്പിച്ചു.
ഐപിഎസ് ട്രയ്നി അരുൺ കെ.പവിത്രൻ, കാലടി സിഐ ബി.സന്തോഷ്, എസ്ഐമാരായ കെ.സതീഷ് കുമാർ, ടി.ബി. വിപിൻ, ജോസ് മാത്യു, എഎസ്ഐ ജോഷി തോമസ്, എസ്സിപിഒ ഇഗ്നേഷ്യസ് ജോസഫ്, സിപിഒമാരായ ഷിജോ പോൾ, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ 2.500 കിലോ എംഡിഎംഎയുമാണ് പോലീസ് പിടികൂടിയത്.