കൊച്ചി: പുല്ലേപ്പടി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയിൽ. ചെല്ലാനം മാനാശേരി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ബിനോയിയെ പോലീസ് പിടികൂടി.
ഇരുവരും തമ്മില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബിനോയ് ജോബിയെ കൊലപ്പെടുത്തിയതെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ പറഞ്ഞു.
മോഷണം നടത്താന്‍ ശ്രമിച്ച സ്ഥലത്തുവച്ച് ജോബിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിലെത്തിച്ച് കത്തിക്കുകയായിരുന്നു. മറ്റൊരു മോഷണക്കേസില്‍ ഇന്നലെ രാത്രി ബിനോയിയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇതിന്റെ ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ കൊലപാതകം നടത്തിയത് സംബന്ധിച്ച് മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും മറ്റു നടപടികള്‍ക്കുമായി ബിനോയിയെ സെന്‍ട്രല്‍ പോലീസിന് കൈമാറും.
സംഭവത്തില്‍ ഇയാളോടൊപ്പം രണ്ടു പേര് കൂടിയുണ്ടായിരുന്നു. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ ബിനോയിയെ ചോദ്യം ചെയ്യുന്നതില്‍നിന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 11 ഓടെ പുല്ലേപ്പടി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് എറണാകുളം എസിപി കെ.ലാല്‍ജി, സെന്‍ട്രല്‍ സ്റ്റേഷന് സി.ഐ. എസ്.വിജയശങ്കര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
കൂടാതെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും അടക്കം സ്ഥലത്ത് പരിശോധനകള്‍ നടത്തി. ട്രാക്കിലേക്ക് തലവച്ച്പൂര്ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം.
സമീപത്തു നിന്നും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു. ജോബിയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.