ഗാന്ധിനഗര്‍: രണ്ടു വര്‍ഷം മുമ്പു മെഡിക്കല്‍ കോളജില്‍ ചികിത്സ യില്‍ കഴിഞ്ഞ രോഗിയുടെ മാതാവിന്റെ മാല മോഷ്ടിച്ച വൃദ്ധദമ്പതികളെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി.തൊടുപുഴ കരിമണ്ണൂര്‍, തൂങ്കുഴിയില്‍ തോമസ്(80) ഭാര്യ ലില്ലി (75) എന്നിവരെയാണു പിടികൂടിയത്. ചേര്‍ത്തല കടക്കരപ്പള്ളി മിനിയുടെ മൂന്നര പവന് സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. വൃക്കരോഗ ത്തെത്തുടര്‍ന്നു മിനിയുടെ മകന് ബിബിന്‍ ദാസ് (26) മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു സംഭവം.
2014 സെപ്റ്റംബര്‍ 17നാണ് ബിബിന്‍ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ സമയം ആശുപത്രിയിലെത്തിയ തോമസും ഭാര്യ ലില്ലിയും മിനിയുമായി പരിചയപ്പെട്ടു.തങ്ങളുടെ മകനും വൃക്ക രോഗിയാണെന്നും വാര്‍ഡില്‍ കഴിയുകയാണെന്നും മിനിയെ ഇവര്‍ ധരിപ്പിച്ചു. മോഷണം നടന്ന ദിവസം ലില്ലി മിനിയെ എന്തോ മണപ്പിച്ച് ബോധം കെടുത്തി മാല കവര്‍ന്നു മുങ്ങുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഡയാലിസിസിനു വീണ്ടും ബിബിന്‍ എത്തിയപ്പോള്‍ ലില്ലിയെയും ഭര്‍ത്താവിനെയും മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് കണ്ടിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ വീണ്ടും ഡയാലിസിസിനു വന്നപ്പോള്‍ ഇവരെ കാണുകയും വലയിലാക്കുകയുമായിരുന്നു.