കോട്ടയം: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അയൽവാസിയുടെ മതിൽ ഇടിച്ചു തകർക്കുകയും സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ യുവതി റിമാൻഡിൽ. ശനിയാഴ്ച രാത്രി ഏഴരയോടെ പാത്താമുട്ടത്താണ് മദ്യലഹരിയിൽ യുവതി അഴിഞ്ഞാടിയതെന്ന് പോലീസ് പറഞ്ഞു.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മേഴ്സി മേരി (36)യാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.മദ്യപിച്ച് ഓട്ടോ ഓടിച്ചതിനും അയൽവാസിയെ ചീത്തവിളിച്ചതിനും വനിതാ പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനുമാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
മേഴ്സിയുടെ വീട്ടിലേക്ക് ഓട്ടം വന്ന ഓട്ടോറിക്ഷയുടെ താക്കോൽ പിടിച്ചുവാങ്ങി ഓടിച്ചു പോകുന്പോഴാണ് അയൽവാസിയുടെ മതിൽ തകർത്തത്.ഇതു ചോദ്യം ചെയ്ത അയൽവാസിയെ ചീത്ത വിളിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. അയൽവാസി ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. വനിതാ പോലീസുമായി എത്തിയ ചിങ്ങവനം പോലീസിനെയും ചീത്തവിളിച്ചു. പിടികൂടാൻ ശ്രമിച്ച വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്തു. പിന്നീട് യുവതിയെ പോലീസ് കസറ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനക്കു വിധേയമാക്കി.