ആലുവ: മീശമാധവൻ എന്ന സിനിമയുടെ മോഡലിൽ ആലുവയിൽ കവർച്ച നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദിൽ നിന്നും ഇയാളെ കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണവസ്തുക്കളിൽ കുറച്ചുഭാഗം പിടിച്ചെടുക്കാൻ കഴിഞ്ഞതായിട്ടാണ് സൂചന. ഇന്ന് പുലർച്ചെയോടെ ആലുവയിലെത്തിച്ച പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ നാലിനാണ് ആലുവയെ ഞെട്ടിച്ചുകൊണ്ട് നഗരത്തിൽ വൻ കവർച്ച നടന്നത്. പട്ടേരിപ്പുറം മംഗലശേരി റാണി ഡേവിഡിന്റെ വീട്ടിൽ നിന്നാണ് എട്ടുപവൻ സ്വർണവും പണവും മൊബൈൽ ഫോണും അതിവിദഗ്ധമായി കവർന്നത്. വീടിന്റെ ടെറസിന്റെ വാതിൽവഴി അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനു പുറമെ മുറിയിൽ ഉറങ്ങിക്കിടന്ന റാണിയുടെ മകൾ അണിഞ്ഞിരുന്ന പാദസരങ്ങൾ കൊളുത്തൂരി അഴിച്ചെടുക്കുകയും ചെയ്തു.
റാണിയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ ഉണർന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവദിവസത്തിന്റെ തലേന്ന് റാണിയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. ഇതുപ്രകാരം വീട്ടിൽ സ്വർണം ഉണ്ടാകുമെന്ന് അറിയാവുന്നവരാകും മോഷണത്തിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം.
സമീപവാസികളായ പലരെയും പോലീസ് നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ മോഷണത്തിന്റെ രീതികൾ പരിശോധിച്ച പോലീസ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം വ്യാപിപ്പിച്ചു. കവർച്ച നടന്ന വീട്ടിൽ നിന്നും കൈക്കലാക്കിയ മൊബൈൽ ഫോണാണ് പ്രതിയെ കുടുക്കിയത്. ആഴ്ചകൾക്ക് ശേഷം മൊബൈൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പിന്തുടർന്നു ബംഗാളിലെ മുർഷിദാബാദിൽ നിന്നും പിടികൂടുകയായിരുന്നു.
ജോലിക്കെന്ന വ്യാജേന ആലുവയിലെത്തിയ പ്രതി മോഷണം നടത്തി അന്നുതന്നെ നാട്ടിലേക്ക് മടങ്ങി. നഗരത്തിൽ നടന്ന മറ്റു കവർച്ചകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഡിവൈഎസ്പി കെ.ബി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ സിഐ വിശാൽ കെ. ജോണ്സണ്, എസ്ഐ റെജി രാജ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.