പേരൂർക്കട: യുവതിക്ക് വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് പോലീസുകാരനും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് യുവാവും അറസ്റ്റിൽ. സിറ്റി പോലീസ് കണ്ട്രോൾ റൂമിലെ സിവിൽപോലീസ് ഓഫീസറായിരുന്ന പിരപ്പൻകോട് ആശ ഭവനിൽ അഭിലാഷ് (43), മുട്ടട ചാരുവിളാകത്ത് വീട്ടിൽ സദാനന്ദ നഗറിൽ നിഥിൻ വിൽസണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പോകുന്നതിനിടെ മണ്ണന്തല എസ്ഐ അനൂപിനെ അഭിലാഷ് മർദിച്ചതായി ആരോപണമുണ്ട്.
ഇയാൾക്കെതിരെ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലും കേസുണ്ട്. മുട്ടട സ്വദേശി നിഥിനും ആനയറ സ്വദേശിനിയായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ ഉൾപ്പെടെ നിഥിൻ ശേഖരിച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിൽ തെറ്റി. പെണ്‍കുട്ടിയുടെ ചിത്രങ്ങൾ ചിലർക്ക് നിഥിൻ അയച്ചു കൊടുത്തു.
പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേനയാണ് അഭിലാഷ് ഈ കേസിൽ ഇടപെടുന്നത്.നിഥിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ അഭിലാഷ് നിതിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ ഉൾപ്പെടെ വാങ്ങി. ഇതിന് ശേഷം പെണ്‍കുട്ടിയോട് ഫോട്ടോകൾ തിരികെ തരണമെങ്കിൽ തനിക്ക് കീഴടങ്ങണമെന്ന് നിർദേശിച്ചതായും പോലീസ് പറയുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ അപകീർത്തികരമായ സന്ദേശങ്ങൾ വാട്ട്സ്ആപ്പിലൂടെ അയച്ചതിന് കഴിഞ്ഞ രണ്ടു മാസമായി അഭിലാഷ് സസ്പെൻഷനിൽ കഴിഞ്ഞുവരികയായിരുന്നു.
അതിനിടെയാണ് വീണ്ടുമൊരു അപകീർത്തികരമായ സംഭവം. സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദേശപ്രകാരം പേരൂർക്കട സിഐ സ്റ്റ്യുവർട്ട് കീലർ ഉൾപ്പെട്ട സംഘമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. കേസ് തുടരന്വേഷണത്തിന് വെഞ്ഞാറമൂട് പോലീസിന് കൈമാറിയേക്കും. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.