ആലപ്പുഴ: വിവിധയിടങ്ങളിലായി വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം വാഹന വിൽപ്പനയെത്തുടർന്നുള്ള വൈരാഗ്യത്തെത്തുടർന്ന്. യൂസ്ഡ് വെഹിക്കിൾ വിൽപ്പനയ്ക്കിടെ മാരുതി ഒമ്നി വിറ്റവകയിൽ വാഹന വ്യാപാരിയായ രാജേഷ് എന്നയാൾ 40,000 രൂപയോളം പ്രതിക്ക് നഷ്ടം വരുത്തിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ആലപ്പുഴ ബീച്ച് വാർഡിൽ പുത്തുപറന്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനങ്ങൾ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ജാക്കിലിവറും പൈപ്പും പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതൽ പൊതുമുതലെന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.
പ്രതിയുമായി സംഭവസ്ഥലത്ത് കഴിഞ്ഞദിവസങ്ങളിലായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. സംഭവം സംബന്ധിച്ച് കൂടുതലെന്തെങ്കിലും തെളിയാനുണ്ടോയെന്ന് അന്വേഷണ വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി അറിയിച്ചു. കഴിഞ്ഞ ഏഴിന് നഗരത്തിന്റെ വിവിധിയിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 25 ലധികം വാഹനങ്ങളാണ് ഒറ്റരാത്രികൊണ്ട് പ്രതി അടിച്ചുതകർത്തത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രധാന ക്രിമിനലുകളുടെ 200 ഓളം ഫോണ് നന്പരുകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയിലേക്കെത്തിയത്. അക്രമത്തിനുപയോഗിച്ച പിക്കപ്പ് വാൻ കണ്ടെത്താൻ ജില്ലയിലെ ഈ ഇനത്തിൽപ്പെട്ട 150 ഓളം വാഹനങ്ങൾ പരിശോധിച്ചിരുന്നു.