ആറ്റിങ്ങൽ: മാലപിടിച്ചുപറിക്കുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. കല്ലമ്പലം, അയിരൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച ഏഴംഗ സംഘമാണ് അറസ്റ്റിലായത്.
വർക്കല, മുത്താന, ചെമ്മരുതി ബി.എസ്.നിവാസിൽ ശരത് (ചന്തു,28), വടശേരികോണം പനച്ചവിള വീട്ടിൽ ശ്രീകാന്ത് (ശ്രീകുട്ടൻ,27), ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന നന്തു (18), ഞെക്കാട് തെറ്റിക്കുളം ചരുവിളവീട്ടിൽ അമൽ (22) ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിൽ (22) കല്ലമ്പലം മാവിൻമൂട് അശ്വതി ഭവനിൽ ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഒരു വിദ്യാർഥിയും പിടിയിലായ സംഘത്തിലുണ്ട്.
അറസ്റ്റിലായ ശരത്ത് മദ്യവും മയക്കുമരുന്നും നൽകിയാണ് വിദ്യർഥികൾ ഉൾപ്പെടെയുള്ളവരെ കൊണ്ട് കുറ്റകൃത്യങ്ങൾ ചെയിക്കുന്നതെന്നും മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങൾ നൽകിയിരുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.പൊട്ടിച്ച് കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ പണയം വെക്കുന്നതും വിൽപ്പന നടത്തിയിരുന്നതും ശരത്തിന്റെ നേതൃത്വത്തിലാണ്.
പിടിയിലായ ശ്രീകാന്ത് കല്ലമ്പലം പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. അനവധി കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പനയറ തൃപ്പൊരിട്ടക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ച് സൗമ്യയെന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചതും , നെല്ലിക്കോട് പനച്ചുവിള വീട്ടിൽ കമലമ്മയുടെ കടയിൽ കയറി മാല പിടിച്ചുപറിച്ചതും , കല്ലമ്പലം മേനപ്പാറ അമ്പിളി വിലാസത്തിൽ രത്നമ്മയുടെ പെട്ടിക്കടയിൽ കയറി മാല പൊട്ടിച്ചതും , പനയറ കുന്നത്ത് മലകുഴിവിള വീട്ടിൽ ഷീലയുടെ മാല പൊട്ടിച്ചതും ഇവരുടെ സംഘമാണെന്ന് തെളിഞ്ഞു.
പ്രതികളിൽ നിന്നും സ്വർണാഭരണങ്ങളും ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. പോലീസ് അന്വേഷിക്കുന്നത് മനസിലാക്കിയ സംഘം എറണാകുളത്ത് ലോഡ്ജിലേക്ക് താമസം മാറ്റിയിരുന്നു.അവിടെ നിന്നും വീണ്ടും നാട്ടിലെത്തി മാലപൊട്ടിക്കൽ പദ്ധതി തയാറാക്കുന്നതിനിടയിലാണ് സംഘംപിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ.ഫറോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ , ജയരാജ് ,വിജയകുമാർ, അനിൽ, എഎസ്ഐ സലീം ,സുനിൽ, സുനിൽകുമാർ, സിപിഒ വിനോദ്, ഡാൻസാഫ് ടീമിലെ എഎസ്ഐ ബി.ദിലീപ് , ആർ.ബിജുകുമാർ സിപിഒ അനൂപ് , സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.