ചവറ : ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം ബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ട് പേർ റിമാന്റിൽ. തേവലക്കര പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസ് ( 35 ),പന്മന മനയിൽ തൈയിൽ തെക്കതിൽ നാദർഷാ (36) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 ന് രാത്രി പറമ്പിമുക്കിന് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന പന്മന സെവന്റീൻ കോളനിയിൽ ചവറ കെഎംഎംഎൽ എം.എസ് യൂണിറ്റിലെ ജീവനക്കാരൻ റെജിയെ മർദിച്ച ശേഷം അടിവസ്ത്രത്തിന്റെ പോക്കേറ്റിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ കവർച്ച ചെയ്ത കേസിലാണ് ഇരുവരും റിമാന്റിൽ ആയത്.
പരിക്കേറ്റ റെജി ചവറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് .ലിഫ്റ്റ് ചോദിച്ചു കയറിയ ഇരുവരും സമീപത്ത് ഇറക്കിയാൽ മതിയെന്ന് പറഞ്ഞാണ് ബൈക്കിൽക്കയറിയത്. തുടർന്ന് മുഖം മൂടി ജംഗ്ഷനിൽ എത്തിയപ്പോൾ അൽപ്പം കൂടി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
പയ്യന്നൂർ കാവിന് സമീപം വെച്ച് ഭീഷണിപ്പെടുത്തി മർദിച്ചശേഷം പണം അടിവസ്ത്രത്തോടെ ഊരിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് പോലീസിനു നൽകിയ പരാതിയിൽ റെജി പറഞ്ഞു. ചവറ പോലീസ് സ്റ്റേഷനിലെ എസ്ഐ സുഖേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഇവരെ ചവറ കോടതി റിമാൻ്റ് ചെയ്തു.