പെരുന്പാവൂർ: ബസിൽ മോഷണം പതിവാക്കിയ രണ്ട് സ്ത്രീകളെ പെരുന്പാവൂർ പോലീസ് പിടികൂടി. തമിഴ്നാട് മധുര നെഹ്റു നഗർ പി.ആർ.ആർ. സ്ട്രീറ്റിൽ മാരിയപ്പന്റെ ഭാര്യ പ്രിയ, മരിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രിയദർശിനി (25), ചെന്നൈ കലങ്കരവ്യാതം മെറീന ബീച്ച് സ്വദേശി മുത്തയ്യയുടെ ഭാര്യ ഗായത്രി എന്ന് വിളിക്കുന്ന സുകന്യ (28) എന്നിവരാണ് പിടിയിലായത്.
ബസിൽ തിക്കും തിരക്കുമുണ്ടാക്കി പ്രായമായ സ്ത്രീകളുടെ സ്വർണമാല മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. പെരുന്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് 76 വയസുള്ള വൃദ്ധയുടെ രണ്ടുപവനോളം വരുന്ന മാല മോഷ്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.