ചങ്ങരംകുളം: സ്വകാര്യആശുപത്രിയിലെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ ദന്പതികൾ അറസ്റ്റിൽ. എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നിന് എടപ്പാളിലെ സ്വകാര്യആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസുള്ള യുവതി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. മരണസമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടിയ സുഹറയാണ് മരിച്ച യുവതിയുടെ കയ്യിൽ കിടന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. മരണാനന്തര ചടങ്ങുകൾക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ടത് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പോലീസിന് പരാതി നൽകിയിരുന്നു.
മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ പോലീസ് നടത്തിയ ഒന്നരമാസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷണത്തിന് എത്തിയ സുഹറക്കൊപ്പം ഭർത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നു എന്ന് പോലീസ് ചോദ്യം ചെയ്യലിൽ സുഹറ പറഞ്ഞതോടെ ലിയാക്കത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സുഹറയെ ഒന്നാം പ്രതിയും ലിയാക്കത്തിനെ രണ്ടാം പ്രതിയുമായാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. പ്രതികളെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ടി.ഡി.മനോജ് കുമാർ സിപിഒമാരായ മധു, അരുണ്, സനോജ്, സനൽ, സുധാകരൻ, സുനിൽ ബാബു, റുബീന എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.