ചാത്തന്നൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ സംഘത്തിലെ 3 പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പഴയ കുറ്റാലം സ്വദേശിനികളായ ബിന്ദു (46) സിന്ധു (40) ഗംഗാദേവി (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കൊല്ലത്തു നിന്നും ചാത്തന്നൂരിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ മനപൂർവ്വം ബഹളമുണ്ടാക്കി മോഷണത്തിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
കൊല്ലത്തു നിന്നാണ് യുവതികൾ ബസിൽ കയറിയത്.ഇതേ ബസിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ അശ്വതിയുമുണ്ടായിരുന്നു. തുടക്കത്തിലെ യുവതികളുടെ പെരുമാറ്റം അശ്വതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ചാത്തന്നൂരിൽ എത്തിയപ്പോൾ സംഘം ബഹളമുണ്ടാക്കുകയും ആ തക്കത്തിന് മോഷണത്തിന് ശ്രമിക്കുകയും ചെയ്തു. ഒരു യാത്രക്കാരിയുടെ ബാഗിൽ നിന്നും പേഴ്സ് എടുക്കാൻ ശ്രമിച്ചപ്പോൾ അശ്വതി പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ ഒരു മാസമായി സംസ്ഥാനത്തുടനീളം മോഷണം നടത്തി വരികയായിരുന്നെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റു ചെയ്തു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങും.സംഘത്തിന്റെ പേരിൽ പാരിപ്പള്ളി സ്റ്റേഷനിലും ഒരു മോഷണകേസുണ്ട്.