നാദാപുരം: കല്ലാച്ചി ടൗണില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ മൂന്നംഗ ദക്ഷിണേന്ത്യന്‍ കവര്‍ച്ചാ സംഘം പിടിയില്‍ . പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്ന് 220 പവന് സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവര്‍ന്നത്. കല്ലാച്ചി പഴങ്കൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു മോഷണം. ഗ്യാസ് കട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ കമ്പിപ്പാര ഉപയോഗിച്ച് ചുമര് തുരന്ന് സേഫ് ലോക്കര്‍ അടിച്ചു പൊളിച്ച് സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. നാദാപുരം എസ്ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്.
തമിഴ്നാട്ടിലെ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരാണ് പടിയിലായിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒ രു മാസത്തോളമായി എസ്ഐ യുടെ നേതൃത്വത്തില്‍ വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡിലെയും നാദാപുരം സ്റ്റേഷനിലെയും 13 ഓളം പോലീസുകാര്‍ നടത്തിയ കഠിന ശ്രമത്തിലാണ് പ്രതികളെ കണ്ടെത്താനായത്. പിടിയിലായ മൂന്നുപേരെയും ഇന്ന് പുലര്‍ച്ചെയോടെ നാദാപുരത്ത് എത്തിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചകള്‍ നടത്തി വരികയായിരുന്ന ഈ സംഘം. യാതൊരു വിധ തെളിവുകളും കൃത്യം നടത്തിയ സ്ഥലങ്ങളില്‍ ഈ സംഘം അവശേഷിപ്പിക്കാറില്ലത്രേ. മോഷണത്തിന് ഇറങ്ങുമ്പോള്‍ മൊബൈല്‍ ഫോണും മറ്റ് ആധുനിക മാര്‍ഗങ്ങളും ഉപയോഗിക്കാറുമില്ല. അതിനാല്‍ തന്നെ ഈ സംഘം വര്‍ഷങ്ങളായി പോലീസിന്റെ കാണാമറയത്ത് നിന്ന് കൊണ്ട് ഓരോ മോഷണവും ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളം കവര്‍ച്ചകള്‍ നടത്തിയ ശേഷം നാട്ടില്‍ തമ്പടിക്കുകയാണ് പതിവ്.
നാദാപുരം, വടകര പരിധിയിലെ മൊബൈല്‍ ടവര്‍ ഡമ്പുകളും മൂന്നു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും, സിസിടിവി ദൃശ്യങ്ങളും കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. നാദാപുരം മേഖലയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ചില മൊഴികളുമാണ് കേസന്വേഷണത്തില്‍ പോലീസിന് ലഭിച്ച നിര്‍ണായക തെളിവുകളായത്. സംസ്ഥാനത്ത് കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായും മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ നടന്ന കവര്‍ച്ചകള്‍ക്ക് പിന്നിലും ഇതേ സംഘം തന്നെയാകാമെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ നവംബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വിവിധ ജ്വല്ലറികളില്‍ നടന്ന കവര്‍ച്ചകളില്‍ ഇതേ സംഘം, തന്നെയാണെന്ന് സൂചനയുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്യുന്നതെങ്കിലും പ്രധാനമായും കവര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നത് കേരളത്തിലെ ജ്വല്ലറികളാണ്. കല്ലാച്ചിയില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങളില്‍ നിന്ന് ഭൂരിഭാഗവും പോലീസ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്.