കോട്ടയം: മരണവീടുകളിൽ എത്തി ബന്ധുക്കളോടൊപ്പം കരഞ്ഞ് ആളുകളുടെ സഹതാപം പിടിച്ചുപറ്റി ഒടുവിൽ മോഷണം നടത്തുന്ന നിരവധി കേസുകളിൽ പ്രതിയായ വിരുതൻ ഒടുവിൽ പിടിയിലായി. പടിഞ്ഞാറെ പിണ്ണാക്കനാട് അന്പാട്ട് വീട്ടിൽ ചക്കര എന്ന ഫ്രാൻസിസ് (34) ആണ് അറസ്റ്റിലായത്. ഇന്നലെ മുത്തോലിയിലുള്ള പുതിയാത്ത് വീട്ടിൽ സഖറിയാസ് പി.ജോസഫിന്റെ അമ്മ കുട്ടിയമ്മ മരിച്ച വീട്ടിലെത്തി സംസ്കാര ചടങ്ങിനിടയിൽ മോഷണം നടത്തുവാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്. ഇന്നലെ രാവിലെ മരണ വീട്ടിലെത്തിയ ഫ്രാൻസിസ് ബന്ധുക്കളോടൊപ്പം കരയാനും മറ്റും ചേർന്നു.
മൃതദേഹം കുളിപ്പിക്കുന്നതിനുള്ള സാധനങ്ങൾ എടുത്തുകൊടുക്കാനും മറ്റും വീടിനുള്ളിൽ കയറിയ ഇയാൾ ബന്ധുക്കളുടെ പ്രീതി പിടിച്ചുപറ്റി. ഇതിനിടെ ചില ബന്ധുക്കളോട് 500 രൂപ ചോദിച്ചത് സംശയത്തിനിടയാക്കി. അതോടെ ചിലർ ഫ്രാൻസിസിനെ നിരീക്ഷിക്കാൻ തുടങ്ങി. പണം കിട്ടുകയില്ലെന്നു മനസിലാക്കിയ ഫ്രാൻസിസ് വീടിനുള്ളിൽ കയറി അലമാരയും മറ്റും തുറന്നു നോക്കിയതോടെ വീട്ടുകാരുടെ സംശയം വർധിച്ചു. വിവരം പോലീസിൽ അറിയിച്ചു.
പോലീസ് എത്തി പിടികൂടിയപ്പോഴാണ് മുൻ മോഷ്ടാവാണെന്ന് മനസിലായത്. 20 മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പാലാ എസ്ഐ രാജൻ കെ അരമന പറഞ്ഞു. കുറെ നാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ചങ്ങനാശേരി, പാലാ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ട്.
രാവിലെ പത്രത്തിലെ ചരമ വാർത്ത നോക്കിയാണ് ഇപ്പോഴത്തെ മോഷണത്തിനുള്ള കളമൊരുക്കുന്നത്. മരണ വീട്ടിലെത്തി സഹായങ്ങൾ ചെയ്ത് പ്രീതി സന്പാദിച്ച ശേഷം മോഷണം നടത്തുകയാണ് രീതി.
മാല പിടിച്ചുപറിച്ചതിനും ഇയാൾക്കെതിരേ കേസുള്ളതായി പോലീസ് പറഞ്ഞു.