പരിയാരം: ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് ഒളിച്ചുവെച്ച ആയിരക്കണക്കിന് രൂപയുടെ ചില്ലറനാണയങ്ങളും മോഷ്ടിച്ച ബൈക്കും ഭണ്ഡാരം തകര്‍ക്കാനുപയോഗിച്ച പിക്കാസും പരിയാരം പോലീസ് കണ്ടെടുത്തു. കഴിഞ്ഞ 16 ന് രാവിലെയാണ് കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടത്. കാസര്‍ഗോഡ് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ്കുമാറിനെയാണ്(44) പരിയാരം എഎസ്ഐ സാംസണ് സംഭവസ്ഥലത്തിന് തൊട്ടടുത്ത കടയില്‍ ഇരിക്കവെ പിടികൂടിയത്.
അന്വേഷണത്തില്‍ ക്ഷേത്രത്തിനടുത്ത പറമ്പില്‍ ഭണ്ഡാരം പൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് പരിശോധന നടത്തി തിരിച്ചുപോകുന്നതിനിടയിലാണ് പരിസരത്തെ കടയില്‍ ഇരിക്കുകയായിരുന്ന ഹരീഷ്കുമാറിനെ കണ്ട എഎസ്ഐക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്. നേരത്തെ ബളാലിലും ഭീമനടിയിലും നടന്ന നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഹരീഷിനെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്ത എഎസ്ഐ സാംസണ് മുഖപരിചയം തോന്നിയതാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.
പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പോക്കറ്റില്‍ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കൂടുതല്‍ കാണുകയും ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഇന്നലെ പണിയെടുത്ത സ്ഥലത്തുനിന്നും ലഭിച്ചതാണെന്നായിരുന്നു മറുപടി. പണം കൊടുത്തു എന്ന് ഇയാള്‍ പറഞ്ഞ ആളുമായി ബന്ധപ്പെട്ടപ്പോള്‍ 2000 രൂപയുടെ ഒറ്റനോട്ടാണ് കൊടുത്തതെന്ന് പറഞ്ഞതോടെയാണ് പോലീസ് ഹരീഷ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് താന്‍ തന്നെയാണെന്ന് ഹരീഷ്കുമാര്‍ സമ്മതിച്ചത്. തുടര്‍ന്ന് ഇയാളുടെ ചെറുവിച്ചേരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. നാല് തവണയാണ് ഇയാള്‍ തൃക്കുറ്റ്യേരി ശിവക്ഷേത്രത്തില്‍ ഭണ്ഡാരകവര്‍ച്ച നടത്തിയത്.