തിരുവനന്തപുരം: നഗരത്തിൽ 2005 മുതൽ നിരവധി മോഷണങ്ങൾ നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കവടിയാർ ജവഹർ നഗർ ടിസി 9/814 (1), ചരുവിളാകത്ത് വീട്ടിൽ കലകുമാർ (55)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. കവടിയാർ ജവഹർ നഗർ മേഖലയിൽ വർഷങ്ങളായി മോഷണം നടത്തിയിരുന്ന ഇയാളെ നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ കൂടി 2005 മുതൽ നടന്ന നിരവധി മോഷണകേസുകൾ തെളിഞ്ഞു.
2005 ഒക്്ടോബറിൽ ജവഹർ നഗർ സി സ്ട്രീറ്റ്, ഹൗസ് നന്പർ ഒന്പതിന്റെ അടുക്കളവാതിൽ കുത്തിപൊളിച്ച് അകത്തു കയറി സ്വർണവള, 6000 രൂപ വിലയുള്ള മൊബൈൽ ഫോണ്, 3000 രൂപ മോഷണം നടത്തിയത്, ജവഹർ നഗർ ഇ സ്ട്രീറ്റ് രമ വിഹാർ വീടിന്റെ രണ്ടാം നിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറി ഒന്നര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ ചെയിൻ, ഒരു പവൻ തൂക്കംവരുന്ന മൂന്ന് സ്വർണ വളകൾ, അരപ്പവൻ സ്വർണമോതിരം, രണ്ടര പവൻ ബ്രേസ്ലെറ്, രണ്ടു പവൻ തൂക്കംവരുന്ന ഒരു ജോഡി കമ്മൽ എന്നിവ മോഷണം നടത്തിയത്, ജവഹർ നഗർ സി മൂന്ന് ഹരിശ്രീ വീട്ടിൽ കയറി ജനൽ കന്പി മുറിച്ച് മോഷണം നടത്തിയതുൾപ്പെടെ നിരവധി കേസുകൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു.
ജവഹർ നഗറിൽ താമസിക്കുന്ന ഇയാൾ പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടെത്തി, രാത്രി കാലങ്ങളിലാണ് മോഷണം നടത്തിവന്നിരുന്നത്. മതിൽ ചാടി കടന്ന് വീടുകളിലെ വാതിലുകൾ കുത്തിപ്പൊളിച്ചും ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച് ജനൽ കന്പി അറുത്തുമുറിച്ചുമാണ് അകത്ത് കയറിയിരുന്നത്. ഇടവിട്ട കാലയളവിൽ മോഷണം നടത്തി വന്ന ഇയാൾ പോലീസ് പിടികൂടുമെന്ന് മനസ്സിലാക്കി വേഷപ്രഛന്നനായി രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയവെയാണ് ഷാഡോ പോലീസ് പിടികൂടിയത്.
കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എം. ആർ. അജിത്തിന്റെ നിർദേശപ്രകാരം അഡീഷണൽ സിറ്റി പോലീസ് കമ്മീഷണർ ഹർഷിത അട്ടല്ലൂരി, ഡിസിപിമാരായ ആർ. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിൽ, മ്യൂസിയം എസ്ഐ പി. ഹരിലാൽ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.