അങ്കമാലി: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽനിന്നും രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി. കാക്കനാട് സ്വദേശി മുഹമ്മദ് (24) ആണ് പിടിയിലായത്.
ബംഗളൂരിൽനിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്നുമാണ് ഹാഷിഷ് പിടിച്ചെടുത്തത്. രാവിലെ ആറരയോടെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തുവച്ച് ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബസ് തടഞ്ഞ് പ്രതിയെ പിടികൂടിയത്.
പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചത്.ബംഗളൂരിൽ നാലാം വർഷ നിയമ വിദ്യാർഥിയാണ് മുഹമ്മദ്. ഇടപ്പള്ളിയിൽ കാത്തുനിൽക്കുന്ന ആൾക്ക് കൈമാറാനായിട്ടാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.
ആന്ധ്രയിൽനിന്നും കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിൽ ബംഗളൂരിൽവച്ചാണ് മുഹമ്മദിന് ലഭിച്ചത്. ഇടപ്പള്ളിയിൽ സാധനം വാങ്ങാൻ എത്തുമെന്നറിയിച്ച ആളെ പിടികൂടുന്നതിനായി പോലീസ് ശ്രമം നടത്തുന്നുണ്ട്.
നാർക്കോട്ടിക് സെൽ ഡിവൈഎസ് പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും അങ്കമാലി സിഐ സോണി മത്തായി, എസ്ഐ എൽദോ പോൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.