കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചി എംജി റോഡിലുള്ള ഒരു ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന തായ്ലൻഡ് സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശികളായ ചീക്കോട് രായിൻകോട്ടുമ്മേൽ മുഹമ്മദ് ഇൻസാഫ് (32), ചീക്കോട് കണിപുറത്ത്ചാലിൽ അൻസാറുദീൻ (32) എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.
മൂന്ന് ദിവസം മുന്‍പാണു കേസിനാസ്പദമായ സംഭവമെന്ന് അന്വഷണത്തിന് നേതൃത്വം നൽകിയ എറണാകുളം എസിപി കെ. ലാൽജി പറഞ്ഞു. മുഹമ്മദ് ഇൻസാഫുമായി തായ്ലൻഡ് സ്വദേശിനിക്ക് ഫേസ്ബുക്ക് വഴി നേരത്തെ പരിചയമുണ്ടായിരുന്നു.
പരാതിക്കാരിയുടെ മകൻ സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ വന്നിരുന്നു. പരിചയക്കാരനായ മുഹമ്മദ് ഇൻസാഫിനെ കാണാനായാണ് ഇവർ കൊച്ചിയിലെത്തിയതെന്നും പോലീസ് പറഞ്ഞു.
മുഹമ്മദ് ഇൻസാഫ് സുഹൃത്തുമായെത്തി ഹോട്ടലിൽവച്ച് പരാതിക്കാരിയെ പീഡിപ്പിച്ചതിനെ തുടർന്ന് ഇക്കാര്യം പരാതിക്കാരി ഫോണിൽ വളിച്ച് അറിയിക്കുകയുമായിരുന്നുവെന്നും എസിപി പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.