ചെറായി: ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുനന്പം പോലീസ് ആത്മഹത്യാപ്രേരണകുറ്റത്തിനു കേസെടുത്തതിനെതുടർന്ന് വിദേശത്തേക്ക് കടന്ന യുവാവ് ഒന്നര വർഷത്തിനുശേഷം തിരുവനന്തപുരം എയർപോർട്ടിൽനിന്ന് അറസ്റ്റിലായി. നായരന്പലം കുറുപ്പംതറ വീട്ടിൽ മുഹമ്മദ് ഷിഫാസാ(36)ണ് അറസ്റ്റിലായത്.
എടവനക്കാട് പഴങ്ങാട് ഇരുനിലകെട്ടിടത്തിന്റെ ഒന്നാം നിലയിൽ ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തി വന്ന പ്രതി ഒളിവിലായതിനെ തുടർന്ന് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു മുന്പായി പ്രതി വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഒന്നര വർഷത്തിനുശേഷം പ്രതി നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ മുനന്പം പോലീസിനു കൈമാറി.
മുനന്പം സ്വദേശിനിയായ യുവതിയെ എടവനക്കാടാണ് വിവാഹം കഴിച്ചയച്ചിരുന്നത്. ഇവിടെവച്ചാണ് യുവാവുമായി പരിചയപ്പെട്ടത്. പരിചയത്തെ തുടർന്ന് പണവും യുവതിയിൽനിന്ന് പ്രതി വാങ്ങിയിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിരുന്നു.
വിവാഹബന്ധം വേർപെടുത്താൻ പ്രതി യുവതിയെ നിരന്തരം പ്രേരിപ്പിച്ചുവത്രേ. ഇതിനിടയിലാണ് യുവതി ആത്മഹത്യചെയ്തത്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഫോണ് പരിശോധിച്ചോഴാണ് തെളിവുകൾ ലഭിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മുനന്പം എസ്ഐ ടി.വി. മുരളി അറിയിച്ചു.