കോഴിക്കോട്: പൗരത്വനിയമഭേദഗതി ബില്ലിനെതിരേ മാനാഞ്ചിറ ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡോ.എം.കെ.മുനീര്‍ എംഎല്‍എ, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ലീഗ് നേതാവ് എന്‍.സി.അബൂബക്കറടക്കം നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പോലീസ് ബസ് തടയുകയും ചെയ്തു.
പോലീസ് ബസിനുമുന്നില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.ഇവരെയും അറസ്റ്റ് ചെയ്തു നീക്കി.സമരക്കാര്‍ പ്രതിഷേധം തുടര്‍ന്നതോടെ ദ്രൂതകര്മസേനയും രംഗത്തെത്തി.കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തുനീക്കി.ഇന്ന് രാവിലെ നടത്തിയ സമരം പത്തോടെയാണ് ഉപരോധം ആരംഭിച്ചത് . 10.45നോടെ ഡോ.എം.കെ.മുനീറടക്കം ഏതാനും നേതാക്കളെ അറസ്റ്റ്ചെയ്തതോടെ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
അറസ്റ്റിലായവരെ കയറ്റിയ പോലീസ് ബസ് ഒരുകുട്ടം തടഞ്ഞപ്പോൾ പോലീസ് അവരെ ബലമായി നീക്കംചെയ്യാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പിടിവലിയിൽ സൗത്ത് അസി.കമീഷണർ എ.ജെ.ബാബുവിന്റെ യൂനിഫോമിലെ നെയിംപ്ലേറ്റ് പൊട്ടിവീണു. കൂടുതല്‍ പ്രവര്‍ത്തകര്‍ പോലീസിനെതിരേ മുദോവാക്യവുമായി രംഗത്തെത്തി. ‘പിറന്ന മണ്ണില്‍ ജീവിക്കും പിറന്നമണ്ണില്‍ മരിക്കും’ എന്ന മുദ്രവകാവ്യമുയര്ത്തിയായിരുന്നു ഉപരോധവും മാര്‍ച്ചും സംഘടിപ്പിച്ചത്.
നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൂടുതല്‍ പേര് ഉപരോധവുമായി ഗേറ്റിനുമുന്നിൽ സംഘടിച്ചതോടെ ദ്രൂതകര്‍മസേന എത്തിയാണ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധസൂചകമായി പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തി.മാര്‍ച്ചിനെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.