പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലക്കുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്ത് (ഉണ്ണി-27) ആണു പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ എം.ടി. രതീഷ് എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്കുവരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും തുടർന്നു ചവിട്ടിക്കൊല്ലുകയുമായിരുന്നു.
പ്രതിക്കു രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകം. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, കുറവിലങ്ങാടിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.