കാട്ടാക്കട : വെട്ടേറ്റ അവശനിലയിലായ സുലോചനയ്ക്ക് തുണയായി പൊതു പ്രവർത്തക ശാലിനി. ഇന്നലെ രാവിലെ ആറേകാലിനാണ് ശാലിനിയുടെ ഫോണിലേക്ക് സമീപവാസിയുടെ വിളിയെത്തിയത്.
സുലോചനയുടെ വീട്ടിൽ ഭയങ്കര നിലവിളി കേൾക്കുകയും പിന്നീട് സുലോചന നിലവിളിച്ചു തോട്ടു വരമ്പിലൂടെ ഓടുന്നത് കണ്ടെന്ന് അയൽവാസി ശാലിനിയോടു പറഞ്ഞു.
ഇവരുടെ കുടുംബ പ്രശ്നങ്ങൾ അറിയാമായിരുന്ന ശാലിനിയും ഭർത്താവ് ലാലുവും ഉടൻ തന്നെ പുറത്തേക്കിറങ്ങിയപ്പോൾ റോഡിന്റെ വശത്തായി കൽക്കെട്ടിൽ ചോരയൊലിച്ചു നിലവിളിക്കുന്ന സുലോചനയെയാണ് കണ്ടത്.
ഭർത്താവ് തന്നെ വെട്ടി എന്നും തന്നെ രക്ഷിക്കണമെന്നും സുലോചന പറഞ്ഞു. സംഭവം പന്തിയല്ല എന്ന് മനസിലാക്കിയ ശാലനി പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയും ഒപ്പം ആംബുലൻസ് വരുത്തുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കീഴടങ്ങി
കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിൽ കീഴടങ്ങി. കാട്ടാക്കട കഞ്ചിയൂർകോണം തൂവല്ലൂർകോണം പാറവിളാകത്തു വീട്ടിൽ സുലോചന (56)യെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് മുരുകൻ പോലീസിൽ കീഴടങ്ങി.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ചു സുലോചന കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുരുകനെയും സുലോചനയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സുലോചന മാറിതാമസിക്കുകയായിരുന്നു.
ഇന്നലെ രാവിലെ സുലോചന വീട്ടിൽ എത്തി.സുലോചന പുറത്തിറങ്ങിയ സമയം പതുങ്ങിയിരുന്ന മുരുകൻ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സുലോചന രക്തം ഒലിപ്പിച്ചു കിലോമീറ്ററോളം ഓടി പൊതുപ്രവർത്തകയുടെ വീടിനു സമീപം എത്തി.
തുടർന്ന് പൊതുപ്രവർത്തക ശാലിനിയും ഭർത്താവും അയൽവാസിയും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സുലോചന ക്രയക്കു വിധേയമാക്കി. ആശുപത്രിയിലെത്തിയ കാട്ടാക്കട പോലീസ് സുലോചനയിൽ നിന്നും മൊഴിയെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.