മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിച്ച 19കാരൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ഒരാൾ കൂടി പിടിയിലായിട്ടുണ്ട്.
അഞ്ച് മാസം മുന്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കോഴിക്കട നടത്തുന്ന ഉടമയെ പുലർച്ചെ ഇറച്ചി കോഴികളെ ഇറക്കാൻ വന്ന സമയത്ത് മുളക് പൊടിയെറിഞ്ഞ് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.
കോഴിക്കടയിൽ മുന്പ് ജോലിക്ക് നിന്നിരുന്ന കല്ലിങ്ങൽ മുസ്തഫയാണ് അറസ്റ്റിലായത്. കടയുടമയെ വീട്ടിൽ നിന്നു തന്നെ ഇവർ പിൻതുടരുന്നുണ്ടായിരുന്നെന്നും കടക്കു സമീപമാണ് മുളകുപൊടിയെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും സിഐ പി.എം ലിബി പറഞ്ഞു.
ഇതിനിടെ ഒരു വാഹനം അതുവഴി വന്നതിനാലാണ് കടയുടമ രക്ഷപ്പെട്ടത്.