വിഴിഞ്ഞം: യുവാവിന്റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖ് (20)ന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് നാദിറ (43)യെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു.
2020 സെപ്തംബർ 14 നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണമാണെന്ന് അന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
തിടുക്കത്തിൽ മൃതദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പോലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടർന്ന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.
സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖും മാതാവുമായി പിടിവലിയുണ്ടായി. പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തിരിച്ചെത്തിയപ്പോൾ സിദ്ധിഖ് മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് നാദിറ മൊഴി നൽകിയത്.
അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പോലീസിന് കിട്ടിയത്.
സിദ്ദിഖിന്റെ ശരീരത്തിൽ 28 മുറിവുകൾ കണ്ടെത്തിയതിൽ 21 എണ്ണവും കഴുത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തൂങ്ങി മരിച്ച ലക്ഷണമൊന്നും കാണാത്തതിനാൽ ഇത് കൊലപാതകമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പോലീസ് ശേഖരിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. ഫോറൻസിക് സർജനും കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.
മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി . കൊല്ലപ്പെട്ട സിദ്ദിഖിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുവെന്നും വിഴിഞ്ഞം സിഐ പറഞ്ഞു