വണ്ടിത്താവളം: അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപം നിർത്തിയിട്ട കാറിന്റെ ഡോർ തുറന്നു മോഷണത്തിനു ശ്രമിച്ച നാലു തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി മീനാക്ഷിപുരം പോലീസിനു കൈമാറി. വണ്ടിത്താവളം സ്വദേശി ഷിജുവിന്റെ അമ്മയുടെ കെട്ടുനിറ ക്ഷേത്രത്തിൽ നടക്കുന്നതിനിടെ ഇന്നുരാവിലെ ഒന്പതിനായിരുന്നു സംഭവം.
ഈസമയത്ത് യാദൃശ്ചികമായി പുറത്തുവന്ന ഷിജു കാറിനുസമീപം മൂന്നു സ്ത്രീകൾ നില്ക്കുന്നതും ഇതിൽ രണ്ടുപേർ ബലംപ്രയോഗിച്ച് ഡോർ തുറക്കാൻ ശ്രമിക്കുന്നതും കണ്ടതോടെ കാറിനടുത്തെത്തി ഇവരുടെ പേർ ചോദിച്ചു. ഇതേതുടർന്നു മാറിനില്ക്കുകയായിരുന്ന മറ്റൊരു സ്ത്രീ ഉൾപ്പെടെ നാലുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.
ഉടനേ ഷിജു സുഹൃത്തുക്കളുമായി ചേർന്നു നാലു സ്ത്രീകളെയും ചെന്പംപൊറ്റ പാലത്തിനു സമീപത്തു കണ്ടെത്തി തടഞ്ഞുനിർത്തി. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു അവരെത്തി നാലുപേരെയും മീനാക്ഷിപുരം സ്റ്റേഷനിലേക്കു കൊണ്ടുപോയി. കാറിനകത്തു പണവും രേഖകൾ അടങ്ങിയ ബാഗും ഉണ്ടായിരുന്നു.കാറിന്റെ ഡോർ തുറന്നു മോഷണത്തിനു ശ്രമിച്ചെന്നു ഷിജു നല്കിയ പരാതിയിൽ പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.